ദാമ്പത്യം
ഒരു നാള്‍ അവന്‍ എന്നോട് പറഞ്ഞു:
'ഭവതിയെന്നെ ഒളിപ്പിക്കണം'
അന്നെന്‍ നീണ്ട മുടിയിലവന്‍ കറുപ്പായലിഞ്ഞു-
എന്നാല്‍ അവയെന്നോട് പിണങ്ങി- മുടി വെളുത്തു.
പിന്നീടൊരിക്കല്‍ അവന്‍ ചെഞ്ചോര കടം ചോദിച്ചു-
ഞാന്‍ എന്റെ ചൊടികള്‍ പിഴിഞ്ഞുക്കൊടുത്തു-
അവ പിന്നൊരിക്കലും ചുവന്നില്ല.
അതുക്കഴിഞ്ഞെന്നോ, അവന്‍ എന്റെ നഖങ്ങള്‍
പിഴുത്എടുത്തു- അടുപ്പില്‍ തീ കൂട്ടുവാന്‍.
അതോടെ എന്റെ നഖക്ഷതങ്ങളും മാഞ്ഞു.
പിന്നെ അവനെന്റെ കാലുകള്‍ മുറിച്ചെടുത്തു-
ഊന്നുവടിയാക്കുവാന്‍ - അന്ന് ഞാന്‍ കിടപ്പായ്
ഒടുക്കം എന്നെപ്പിരിയാം നേരം,
അവനെന്റെ കൃഷ്ണമണികള്‍ ചൂഴ്ന്നെടുത്തു-
അതോടെ എന്റെ ലോകം ഇരുട്ടിലാണ്ട്പോയ്.
അങ്ങനെ അവനെന്റെ മേല്‍ അധികാരമുറപ്പിച്ചു.
No comments:
Post a Comment